Gujarat Election: Who Is Salman Nizami?
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമധികം ആവർത്തിച്ച പേരാണ് സല്‍മാൻ നിസാമിയുടേത്. ഈ നിസാമി ആരാണെന്നാണ് ഏറ്റവുമധികം ആളുകള്‍ ഇപ്പോള്‍ തിരയുന്നത്. മഹിസാഗര്‍ ജില്ലയിലെ ലുനവാഡയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറഞ്ഞ പേരാണ് ഇയാളുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ സംസാരിക്കുമ്പോഴാണ് സല്‍മാന്‍ നിസാമിയുടെ പേര് പറഞ്ഞത്. മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച വ്യക്തിയാണത്രെ ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ സല്‍മാന്‍ നിസാമി ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും അത് പ്രധാനമന്ത്രിയുടെ കുടുംബത്തെ നേരിട്ട് കടന്നാക്രമിക്കുന്നതായിരുന്നുവെന്നുമാണ് പ്രചാരണം.
നിസാമി കോണ്‍ഗ്രസ് നേതാവാണെന്നാണ് ബിജെപി ആരോപണം. പ്രധാനമന്ത്രി കീഴാളനാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ശന നിലപാടാണ് അയ്യര്‍ക്കെതിരേ സ്വീകരിച്ചത്. അയ്യര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.