Jude Anthany's FB Post Against WCC
പാര്‍വ്വതിയെ കേന്ദ്രീകരിച്ചായിരുന്നു മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താര ഫാന്‍സിന്റെ സൈബര്‍ ആക്രമണം. ഇപ്പോഴത് ശക്തമായി വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെയും തിരിഞ്ഞിരിക്കുന്നു. ദിലീപിന് എതിരെ നിലപാട് എടുത്തപ്പോള്‍ മുതല്‍ സംഘടന പൂട്ടിക്കാണാന്‍ ആഗ്രഹിച്ച ഫാന്‍സ് മൊത്തത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടുന്നു. മൈ സ്റ്റോറിയിലെ ഗാനത്തിന് പിന്നാലെ ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജിനെതിരെയാണ് ആക്രമണം. കസബയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനം ഔദ്യോഗിക പേജില്‍ പങ്കുവെച്ചതാണ് ഈ ആക്രമണത്തിന് കാരണം. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഡബ്ല്യൂസിസി ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പേജിന് വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിക്കൊണ്ട് സൈബര്‍ ആക്രമണം തുടരുന്നു. അതിനിടെ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന പോസ്റ്റ് പിന്‍വലിച്ചതിനെക്കുറിച്ചാണ് പരിഹാസം.ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ് എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍താരങ്ങളെയോ മലയാള സിനിമയിലെ പുരുഷാധിപത്യത്തെയോ ചോദ്യം ചെയ്യാന്‍ ഒരു പെണ്ണും വളര്‍ന്നിട്ടില്ല എന്ന് കരുതുന്ന ആണ്‍കൂട്ടങ്ങളുടെ പ്രതിനിധി മാത്രമാണ് താനെന്ന് ജൂഡ് ആന്റണി നേരത്തെയും തെളിയിച്ചിട്ടുള്ളതാണ്. കസബ വിവാദത്തിന്റെ തുടക്കത്തില്‍ പാര്‍വ്വതിക്കെതിരെ സിനിമയില്‍ ആദ്യം രംഗത്ത് വന്നത് ജൂഡ് ആയിരുന്നു.