ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയടക്കം നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വടകരയില്‍ പാര്‍ട്ടി കെകെ രമ മത്സരിക്കും. വടകര കൂടാതെ കോഴിക്കോട്, തൃശ്ശൂര്‍,ആലത്തൂര്‍ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ആര്‍എംപി പ്രസിഡന്‍റ് എന്‍.വേണു അറിയിച്ചു. വടകരയില്‍ കെകെ രമയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും എന്‍.വേണു അറിയിച്ചു. തെരഞ്ഞെടുപ്പ് സഹകരണം സംബന്ധിച്ച് കോണ്‍ഗ്രസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വന്നാല്‍ അക്കാര്യം പരിഗണിക്കുമെന്നും പറഞ്ഞ എന്‍.വേണു ആര്‍എംപിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുന്ന പക്ഷം പൊതുസ്ഥാനാര്‍ത്ഥിക്കായി ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.